‘കുട്ടനാട് സീറ്റ് വില്‍പ്പനയ്ക്ക്’ കൊച്ചിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
കൊച്ചി: കുട്ടനാട്ട് സീറ്റിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ഇന്ന് കൊച്ചിയില്‍ എന്‍.സി.പി നേതൃയോഗം ചേരാനിരിക്കെ എന്‍സിപി കുട്ടനാട് സീറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് കൊച്ചി നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍. യോഗം നടക്കേണ്ട ഹോട്ടലിന് പുറത്താണ് ഇത്തരം ഫ്ളക്സുകളും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുട്ടനാട് സീറ്റിന് പുറമേ എന്‍സിപിക്ക് ഇടതുമുന്നണി നല്‍കിയ മറ്റു സ്ഥാനമാനങ്ങളെല്ലാം ഇത്തരത്തില്‍ പണം വാങ്ങി വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കെഎസ്എഫ്ഇ, പിഎസ്സി തുടങ്ങി എന്‍സിപിക്ക് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പണം വാങ്ങി കൈമാറുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പോസ്റ്റുകളിലുള്ളത്. യുവജനവേദിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാന്‍ നേരത്തെ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ വ്യാഴാഴ്ച എന്‍സിപി നേതൃയോഗം ചേരുന്നത്.
തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ തര്‍ക്കങ്ങളുണ്ടായി. സ്ഥാനാര്‍ഥിയായി സലീം പി മാത്യുവിന്റെയും സുല്‍ഫിക്കര്‍ മയൂരിയുടെയും പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും.