കരിയർ ബെസ്റ്റുമായി മാമുക്കോയ, കുരുതിയിലെ വീഡിയോ സോംഗ് പുറത്ത്
കൊച്ചി:പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്‍ത ‘കുരുതി’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘വേട്ടമൃഗം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ജേക്സ് ബിജോയ്. സിയ ഉള്‍ ഹഖും രശ്‍മി സതീഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം.
അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 11നാണ് ചിത്രം എത്തിയത്. പൃഥ്വിരാജിന്‍റെ ഓണം റിലീസുമായിരുന്നു കുരുതി.
നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു. ‘കോള്‍ഡ് കേസി’നു ശേഷം പ്രൈം വീഡിയോയിലൂടെ എത്തുന്ന പൃഥ്വിരാജ് ചിത്രവുമാണിത്.