രമ്യ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുത്തു
കോഴിക്കോട്: രമ്യ ഹരിദാസ് എംപി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. അഞ്ചാം ഡിവിഷന്‍ മെമ്പറായ സിപിഎം അംഗം പി സുനിതയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍,ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
യുഡിഎഫ് ഭരണകാലത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്ന ജെഡിയു നേതാവ് പി ശിവദാസന്‍ നായര്‍ മുന്നണിവിട്ട് എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ, പ്രസിഡന്റായിരുന്ന വിജി മുപ്രമ്മലിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസന്‍ നായരാണ്. ആലത്തൂര്‍ എം പി ആകുന്നതിന് മുന്‍പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്റ് സുനിത.