KeralaNews

ജീവനുള്ളിടത്തോളം കുടുംബശ്രീ ഒഴിവാക്കില്ല; മണ്‍സൂണ്‍ ബംബര്‍ ജേതാക്കള്‍ പറയുന്നു

മലപ്പുറം:പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റ് എടുത്ത് ഒന്നാം സമ്മാനം നേടിയ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത സേനാംഗങ്ങള്‍ അത്യാഹ്ളാദത്തില്‍. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ജീവിതത്തോടെ പടപൊരുതി മുന്നേറേണ്ടി വന്ന സ്ത്രീ സംഘത്തെ തേടിയാണ് അസുലഭ ഭാഗ്യമായി മണ്‍സൂണ്‍ ബംപര്‍ പടി കടന്നു വന്നത്.

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമസേനാംഗങ്ങൾ ചേർന്നെടുത്ത MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിലയായ 250 രൂപയില്ലാതിരുന്നതിനാല്‍ ഓരോരുത്തരും 25 രൂപയും അതിന്റെ പകുതി പോലും നല്‍കിയാണ് ടിക്കറ്റെടുത്തത്.

പാലക്കാട് നിന്നും ടിക്കറ്റ് വാങ്ങി പരപ്പനങ്ങാടിയില്‍ വില്‍ക്കുന്ന ആളില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ഒരാളുടെ കയ്യിലും 250 രൂപയുണ്ടായിരുന്നില്ല. അതിനാല്‍ എല്ലാവരും കയ്യില്‍ നിന്നും ഉള്ള പണം പകുത്തെടുത്താണ് ലോട്ടറി എടുത്തത്. 

ഇന്നു രാവിലെയാണ് ഇവര്‍ ടിക്കറ്റ് നോക്കിയത്.  ഫലം പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനം തന്നെയെന്നു സ്ഥിരീകരിച്ചു. ലോട്ടറി അടിച്ചതുകൊണ്ട് കുടുംബശ്രീ ജോലിയ്ക്ക് പോകുമെന്നോ? എന്റെ ജീവന്‍ ഉള്ള കാലം മുഴുവന്‍ കുടുംബശ്രീ ജോലിയ്ക്ക് പോകുക തന്നെ ചെയ്യും-സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്ത സംഘത്തിലെ ലീല പറഞ്ഞു. ഇന്നു മുഴുവന്‍ ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല.

എല്ലാവര്‍ക്കും തിരക്കായിരുന്നു. രാവിലെ കൊണ്ടുപോയ ചായ കുടിച്ചില്ല. ബാഗില്‍ തന്നെ ഇരിക്കുകയാണ്. ഭക്ഷണം കഴിക്കാതെ ഇരുന്നതിനാല്‍ ഞങ്ങളുടെ സംഘത്തിലെ ഒരു പെണ്‍കുട്ടി തലകറങ്ങി വീണു. ഞാനും ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ഈ രാത്രി സമയം ഭക്ഷണം കഴിക്കുന്നതേയുള്ളൂ-ലീല പറയുന്നു. 

താമസിക്കുന്ന വീടിന്റെ ആധാരം ബാങ്കില്‍ പണയത്തിലാണ്. ഒരു മോളുടെ വിവാഹം കഴിഞ്ഞു ലക്ഷങ്ങള്‍ കടമുണ്ട്. ഒരു മോളുടെ വീടുപണി പകുതിയായിട്ടേയുള്ളൂ. മകളുടെ സര്‍ജറിയ്ക്ക് 5 ലക്ഷം ഇനിയും വേണം. പലര്‍ക്കും പണം കടമുണ്ട്. ഇതൊക്കെ തരണം ചെയ്യാം എന്ന സന്തോഷം മനസിലുണ്ട്.  ‘ഇന്നു രാവിലെ 11 മണിക്കാണ് ടിക്കറ്റ് നോക്കിയത്.

രാവിലെ ചായ കുടിക്കാന്‍ ഇരുന്നപ്പോള്‍ ലോട്ടറി എടുത്ത സംഘത്തിലെ ഒരു കുട്ടി പറഞ്ഞു. ഇന്നലെ ലോട്ടറി എടുക്കുന്ന ദിവസമായിരുന്നു. ഞാന്‍ നല്ലവണ്ണം പ്രാര്‍ഥിച്ചിട്ടുണ്ട്, നമുക്ക് കിട്ടട്ടേന്ന്…അന്റെ പ്രാര്‍ത്ഥന ഒന്നും ഫലിക്കില്ലെന്നു പറഞ്ഞു ഞങ്ങള്‍ അവളെ കളിയാക്കി. നമ്പര്‍ എല്ലാവരും തിരിച്ചും മറിച്ചും നോക്കി. എല്ലാവരും നോക്കി… ഓളുടെ ഹസ്ബെന്റിനു നമ്പര്‍ വിട്ടുകൊടുത്തു. ഓന്‍ നോക്കിയപ്പം ഇത് ഒന്നാം നമ്പറാണ്  എടീ എന്ന് പറഞ്ഞു.

ഞങ്ങള്‍ ആയിക്കോട്ടെന്നും പറഞ്ഞും. പിന്നെ ഞാന്‍ എന്റെ മകള്‍ക്ക് നമ്പര്‍ കൊടുത്തു. അവളും പറഞ്ഞു ഇത് ഒന്നാം പ്രൈസാണ് അമ്മ എന്നും അവളും പറഞ്ഞു. അങ്ങനെയാണ് ഓഫീസില്‍ കയറി സാറെ വിളിച്ച് പറഞ്ഞു, സാര്‍ ഞങ്ങളെ ബാങ്കില്‍ കൊണ്ടുപോയി. ബാങ്കില്‍ അപ്പോള്‍ തന്നെ ടിക്കറ്റ് നല്‍കി-ലീല കൂട്ടി ചേര്‍ക്കുന്നു. 

ഞങ്ങള്‍ക്ക് നാല് പെണ്‍കുട്ടികളാണ്. മൂന്നു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. നാലാമത് പെണ്‍കുട്ടി വീട്ടിലുണ്ട്-ലീലയുടെ ഭര്‍ത്താവ് ഭരതന്‍ പറഞ്ഞു. നാലാമത്തെ പെണ്‍കുട്ടിയ്ക്ക് ഒരപകടം പറ്റി. ഫാഷന്‍ ഡിസൈനിംഗ് പഠിക്കാനുള്ള കോഴിക്കോട് യാത്രയില്‍ ട്രെയിനില്‍ നിന്നും വീണു. 2019ലായിരുന്നു ഈ അപകടം.

പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി. ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി. മകള്‍ക്ക് ജീവന്‍ തിരികെ ലഭിച്ചെങ്കിലും അര ഭാഗത്ത് ഗുരുതര പരുക്ക് പറ്റി. നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇനിയും ഒരു ശസ്ത്രക്രിയ ബാക്കിയുണ്ട്. ചികിത്സയ്ക്ക് നാട്ടുകാരും സഹായിച്ചു. 36 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വന്നത്. എല്ലാം വിറ്റ്‌ പെറുക്കിയാണ് ചികിത്സയ്ക്ക് തുക കണ്ടെത്തിയത്-ഭരതന്‍ പറയുന്നു. 

ലോട്ടറി എടുത്ത സംഘത്തിലുണ്ടായിരുന്നത് ഇവരാണ്: ബിന്ദു കൊഴുകുമ്മൽ മുങ്ങാത്തംതറ,  ഷീജ മാഞ്ചേരി ചെട്ടിപ്പടി,   ലീല കുരുളിൽ സദ്ദാംബീച്ച്, രശ്മി പുല്ലാഞ്ചേരി ചിറമംഗലം, കാർത്ത്യായനി പട്ടണത്ത് സദ്ദാംബീച്ച്,  രാധ മുണ്ടുപാലത്തിൽ പുത്തരിക്കൽ, കുട്ടിമാളു ചെറുകുറ്റിയിൽ പുത്തരിക്കൽ, ബേബി ചെറുമണ്ണിൽ പുത്തരിക്കൽ, ചന്ദ്രിക തുടിശ്ശേരി സദ്ദാംബീച്ച്, പാർവതി പരപ്പനങ്ങാടി, ശോഭ കുരുളിൽ കെട്ടുങ്ങൽ എന്നിവരടങ്ങുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണ് 250 രൂപക്ക് ടിക്കറ്റ് എടുത്തത്. 25 രൂപ വീതം 9 പേർ ഷെയർ ചെയ്തും പത്താമത്തെ ഷെയർ 12 രൂപ അൻപത് പൈസ വീതമുള്ള രണ്ട് ഓഹരിയാക്കിയുമാണ് ഇവർടിക്കറ്റ് വാങ്ങിയത്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button