സെക്രട്ടറിയേറ്റിലെ സംഘര്‍ഷം: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പ്രതിഷേധം നടത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 15 കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ നായര്‍ചഅടക്കം മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിരുന്നു.
കല്ലേറിലാണ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോള്‍ കുപ്പിയും കമ്പുമായി പ്രവര്‍ത്തകര്‍ പോലീസിനെ നേരിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് രാവിലെ മുതല്‍ എംജി റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്നു ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം.