എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുടങ്ങിയത് 250 സര്‍വ്വീസുകള്‍
തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്ത് ഞായറാഴ്ച 250 സര്‍വീസുകള്‍ മുടങ്ങിയതായാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് 500-ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നും കെഎസ്ആര്‍ടിസി സുചന നല്‍കുന്നു.
2107 താത്കാലിക ഡ്രൈവര്‍മാരെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ഏപ്രില്‍ എട്ടിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ താത്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുന്പു പിരിച്ചുവിടേണ്ടതായിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ഈ മാസം 30നു മുന്പു വിധി നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം മേഖലയില്‍ 1479, മധ്യമേഖലയില്‍ 257, വടക്കന്‍മേഖലയില്‍ 371 എന്നിങ്ങനെയാണു താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്.