ഇടുക്കി: കൂടത്തായി കൊലപാതക പരമ്പരയില്‍ കട്ടപ്പനയിലെ ജോത്സ്യനും പങ്കുള്ളതായി സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിക്ക് ഏലസ് പൂജിച്ചു നല്‍കിയ കട്ടപ്പനയിലെ ജോത്സ്യന്‍ കൊലപാതക വാര്‍ത്ത പുറത്ത് വന്നതുമുതല്‍ ഒളിവില്‍. മകന്‍ രാവിലെ വീട്ടില്‍ നിന്നും പോയതാണെന്ന് ജോത്സ്യന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജോളിയുടെ നാടായ കട്ടപ്പനയിലെ ജോത്സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.
മരിച്ച റോയിയുടെ ശരീരത്തില്‍ നിന്നും ഏലസ് കണ്ടെത്തിയിരുന്നു. പൊന്നാമറ്റം തറവാടിന് ദോഷമുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുന്നും ഒരു ജോത്സ്യന്‍ പ്രവചിച്ചിരുന്നതായി ജോളി പറഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിന്റെ പരിഹാരക്രിയകള്‍ക്കിടെയാണ് റോയിയുടെ മരണമെന്നും ജോളി അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നു.
റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന തകിടിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. തകിടിലൂടെ വിഷം ഉള്ളില്‍ കടക്കാന്‍ സാധ്യതയുണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. തകിട് നല്‍കിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റിന്റെ കീശയില്‍ ഉണ്ടായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് ഇവ വിട്ടു നല്‍കുകയായിരുന്നു.