കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗമായ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാര്യസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡി.സി.പി മുദമ്മദ് ആരിഫ് പറഞ്ഞു.
അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിന് കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്.രാവിലെ പോലീസ് സംഘം വീട്ടില്‍ പരിശോധന നടത്തിയിരുന്നു.രവീന്ദ്രന്‍ നായരെയും വീട്ടുജോലിക്കാരി ലീലയെയും സ്ഥലത്തെത്തിച്ചായിരുന്നു പരിശോധന.
കൂടത്തില്‍ തറവാടിന്റെ സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രവീന്ദ്രന്‍നായരുടെ അക്കൗണ്ടുകള്‍ പോലീസ് നേരത്തെ മരവിപ്പിച്ചിരുന്നു.കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലായി 50 ലക്ഷം രൂപയാണുള്ളത്.ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് രവാന്ദ്രന്‍ നായരുടെ മൊഴിയിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു.