കോഴിക്കോട്: കൂടത്തായിലെ കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിനു വേണ്ടി അഡ്വ. ബി.എ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന ആവശ്യവുമായി ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നു ആളൂര്‍ വെളിപ്പെടുത്തി. എന്നാല്‍ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിനു ശേഷം മാത്രം മുന്നോട്ടു പോയാല്‍ മതിയെന്നും ജോളിയുടെ അടുത്ത ബന്ധുക്കള്‍ അറിയിച്ചുവെന്നുമാണ് ആളൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസിന്റെ പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ആളൂരിന് ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ടു പോകുമെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ പുരോഗതി അറിഞ്ഞതിനു ശേഷം മത്രമേ കേസില്‍ ജോളിക്ക് അനുകൂല ഘടങ്ങള്‍ ഉണ്ടോ എന്ന കാര്യം പറയാനാകൂ എന്നും ആളുര്‍ കൂട്ടിച്ചേര്‍ത്തു.
കൃത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥ, കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ കാര്യങ്ങള്‍, ഇവയെല്ലാം അന്വേഷിച്ച് അറിഞ്ഞാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്നും ആളൂര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസം എങ്കിലും കഴിയണമെന്നും, ഇതു കഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അരുംകൊലയുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് താമരശേരിയിലെ അഭിഭാഷകര്‍. പ്രതികളായ മാത്യുവിന്റെയും പ്രജികുമാറിന്റെയും ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചെങ്കിലും ആരും വക്കാലത്ത് ഏറ്റെടുത്തില്ല. ജാമ്യം ലഭിക്കാന്‍ പ്രയാസമുള്ള കേസാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.