കൂടത്തായി കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്; ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയും കാമുകന്‍ മാത്യുവും ചേര്‍ന്ന്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയും കാമുകനായ മാത്യുവും ചേര്‍ന്ന്. മാത്യുവാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. സയനൈഡ് നല്‍കിയത് കാമുകനായ മാത്യുവാണെന്നും മാത്യുവും ജോളിയും തമ്മില്‍ രഹസ്യ ഇടപാടുണ്ടെന്നും മാത്യു സമ്മതിച്ചു. ജോളിയുമായി ബന്ധമുണ്ടെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു അറിയാതെയായിരുന്നു ബന്ധമെന്നും മാത്യു വെളിപ്പെടുത്തി.
ഇന്ന് രാവിലെയാണ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ പോലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു. ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ ഷാജു, തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റുകാരിയാണെന്ന് വിശ്വസിക്കുമെന്നും പറഞ്ഞു.
ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.