കൊല്ലം: കൊല്ലത്ത് ടോള്‍ബൂത്ത് ജീവനക്കാരനെ മര്‍ദിച്ച് കാറില്‍ വലിച്ചിഴച്ച ശേഷം റോഡില്‍ തള്ളിയിട്ടു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന് അരുണിനെയാണ് ക്രൂരമായി ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചത്. പണം നല്‍കാതെ ടോള്‍ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു ഇവരുടെ ശ്രമം. ഇത് ചോദ്യംചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേരീതിയില്‍ അല്പദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു. ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് ആക്രമണത്തിനിരയായ അരുണും പ്രതികരിച്ചു. എമര്‍ജന്‍സി ലൈനിലൂടെ കാര്‍ വരുന്നത് കണ്ടാണ് നിര്‍ത്തിയത്. തുടര്‍ന്ന് അവരോട് പ്രദേശവാസികള്‍ക്ക് നല്കുന്ന പാസുണ്ടോ എന്ന് ചോദിച്ചു. പാസില്ലെന്ന് കൂടി മറുപടി പറഞ്ഞതോടെ വാഹനം മറ്റുലൈനിലൂടെ കടന്നുപോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ അങ്ങനെ പോകാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിലെ ഡ്രൈവര്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ ഇവനെ നമുക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു. തുടര്‍ന്നാണ് കാറില്‍ വലിച്ചിഴച്ചതെന്നും അരുണ്‍ പറഞ്ഞു.