കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാക് നിര്‍മിത വെടിയുണ്ടകളാണെന്ന് സംശയം. കിട്ടിയ വെടിയുണ്ടകളില്‍ 12 എണ്ണത്തിന്റെ മേല്‍ പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്തായ പി ഒ എഫ് എന്നെഴുതിയിട്ടുണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. ഇത്തരത്തില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് വീണ്ടും സ്ഥലത്തേക്ക് എസ്പി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തുകയാണ്. 7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തില്‍ എഴുതിയിരിക്കുന്ന വെടിയുണ്ടകള്‍ ഏതാണ്ട് 1980 കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ നിര്‍മിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം. ഈ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മിതമാണെന്ന് തെളിഞ്ഞാല്‍ അത് അതീവഗുരുതരമാണ്. എങ്ങനെ ഈ വെടിയുണ്ടകള്‍ ഇവിടെയെത്തി എന്നോ ആര് കൊണ്ടുവന്നിട്ടു എന്നോ വ്യക്തതയില്ല. നാട്ടുകാരാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. രണ്ട് തരത്തിലുള്ള 14 വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സാധാരണ വെടിയുണ്ടകളുമാണ്.