CricketNationalNewsSports

സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം, രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് 153 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders vs Rajasthan Royals) 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ടിം സൗത്തി രണ്ടു വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ(2) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഉമേഷ് യാദവാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പതിവു ഫോമിലേക്ക് ഉയരാന്‍ ജോസ് ബട്‌ലര്‍ക്ക് കഴിയാതിരുന്നതോടെ രാജസ്ഥാന് പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാനായില്ല. തുടക്കത്തില്‍ തകര്‍ത്തടിച്ച സഞ്ജുവാണ് പവര്‍ പ്ലേയില്‍ രാജസ്ഥാനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ ബട്‌ലറെ(25 പന്തില്‍ 22) സൗത്തി വീഴ്ത്തിയതോടെ ഉത്തരവാദിത്തം സഞ്ജുവിന്‍റെ ചുമലിലായി. ഇതോടെ സഞ്ജു കരുതലോടെ ബാറ്റ് വീശാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് ഇഴഞ്ഞു നീങ്ങി. കരുണ്‍ നായര്‍ക്ക്(13) കാര്യമാി ഒന്നും ചെയ്യാനായില്ല. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ മടങ്ങി. 49 പന്തില്‍ 54 റണ്‍സാണ് സഞ്ജുവിന്‍റെ നേട്ടം. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. രണ്ട് സിക്സുമായി തകര്‍പ്പന്‍ തുടക്കമിട്ട റിയാന്‍ പരാഗും(12 പന്തില്‍ 19) ഇതിനിടെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

അവസാന രണ്ടോവറില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ ഭേദപ്പട്ട സ്കോറിലേക്ക് നയിച്ചത്. ടിം സൗത്തി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തി ഹെറ്റ്മെയര്‍ രാജസ്ഥാനെ 150ന് അടുത്തെത്തിച്ചു. ശിവം മാവി എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാനെ 150 കടത്തിയ ഹെറ്റ്മെയര്‍ 13 പന്തില്‍ 27 റണ്ണുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ശ്രേസയ് അയ്യര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇരു ടീമുകളും മാറ്റങ്ങള്‍ വരുത്തി. രാജസ്ഥാന്‍ നിരയില്‍ ഡാരില്‍ മിച്ചലിന് പകരം മലയാളി താരം കരുണ്‍ നായര്‍ അന്തിമ ഇലവനിലെത്തി.കൊല്‍ക്കത്ത ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ശിവം മാവി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അനുകുല്‍ റോയിയും ടീമില്‍ ഇടം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker