CricketNationalNewsSports

IPL:കൂറ്റൻ ജയം, കോലിപ്പടയെ തകർത്തെറിഞ്ഞ് കൊൽക്കൊത്തയ്ക്ക് ആദ്യ ജയം

കൊല്‍ക്കത്ത: ആര്‍സിബിയെ തകർത്തെറിഞ്ഞ് ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്വന്തം കാണികള്‍ക്കും ഉടമ ഷാരുഖ് ഖാനും മുന്നില്‍ 81 റണ്‍സിന്‍റെ വിജയമാണ് കെകെആര്‍ പേരിലെഴുതിയത്. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍, റിങ്കു സിംഗ് എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ തുണച്ചത്.

ആന്ദ്രേ റസല്‍, നിതീഷ് റാണ തുടങ്ങിയ വൻ തോക്കുകള്‍ നിശബ്‍ദമാക്കപ്പെട്ടിട്ടും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന വിജയലക്ഷ്യം ആര്‍സിബിക്ക് മുന്നില്‍ വയ്ക്കാൻ നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞു.കെകെആര്‍ ഒരുക്കിയ സ്പിൻ കെണിയില്‍ വീണ ചലഞ്ചേഴ്സിന്‍റെ പോരാട്ടം 123 റണ്‍സില്‍ അവസാനിച്ചു. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. വിരാട് കോലിയുടേത് ഉള്‍പ്പെടെ രണ്ട് വിക്കറ്റുകളാണ് നരെയ്ൻ പേരിലാക്കിയത്.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആഗ്രഹിച്ച തുടക്കം സ്വന്തമാക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിംഗിനെയും മടക്കി ഡേവിഡ് വില്ലി കെകെആറിനെ വരിഞ്ഞു മുറുക്കി. ഒരറ്റത്ത് റഹ്മനുള്ള ഗുര്‍ബാസ് പിടിച്ച് നിന്നപ്പോള്‍ നായകൻ നിതീഷ് റാണ ബ്രേസ്‍വെല്ലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് കണ്ടത് അഫ്ഗാനിസ്ഥാൻ താരം ഗുര്‍ബാസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ട് ഗുര്‍ബാസ് ഈഡൻ ഗാര്‍ഡൻസിനെ പുളകം കൊള്ളിച്ചു. 

അര്‍ധ സെഞ്ചുറി കുറിച്ച് മുന്നോട്ട് പോകുന്നതിനിടെ ഗുര്‍ബാസിനെ കരണ്‍ ശര്‍മ്മ വീഴ്ത്തി. 44 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സുകളും സഹിതം 57 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. വൻ പ്രതീക്ഷകളുമായി എത്തിയ ആന്ദേ റസലിനെ കരണ്‍ തൊട്ടടുന്ന പന്തില്‍ തന്നെ കോലിയുടെ കൈകളില്‍ എത്തിച്ചതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. എന്നാല്‍, പിന്നീട് കണ്ടത് ഷര്‍ദുല്‍ താക്കൂറിന്‍റെ ഒരു മിന്നല്‍ വെടിക്കെട്ടായിരുന്നു. റിങ്കു സിംഗിനെ ഒപ്പം നിര്‍ത്തി ഷര്‍ദുല്‍ ഫോറുകളും സിക്സുകളുമായി കളം നിറഞ്ഞു.

20 പന്തില്‍ താരം അര്‍ധ സെഞ്ചുറി പേരിലെഴുതി. മികച്ച പിന്തുണ നല്‍കി റിങ്കു സിംഗും ചേര്‍ന്നതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 18-ാം ഓവറില്‍ 46 റണ്‍സെടുത്ത റിങ്കു സിംഗിനെ ഹര്‍ഷല്‍ പുറത്താക്കുമ്പോള്‍ കൊല്‍ക്കത്ത 192 റണ്‍സിലെത്തിയിരുന്നു. അവസാന ഓവറില്‍ ഷര്‍ദുലിനെ പുറത്താക്കി സിറാജ് ആശ്വാസം കണ്ടെത്തി. 29 പന്തില്‍ 68 റണ്‍സാണ് ഷര്‍ദുല്‍ ഇതിനകം അടിച്ചുകൂട്ടിയത്. എന്നാല്‍, ഉമേഷ് യാദവ് ഫോറടിച്ച് ടീം സ്കോര്‍ 200 കടത്തി. 

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് നായകൻ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ടിം സൗത്തിയെയും ഉമേഷ് യാദവിനെയും പവര്‍ പ്ലേയില്‍ ഇരുവരും ശരിക്കും ബുദ്ധിമുട്ടിച്ചു. എന്നാല്‍, കൊല്‍ക്കത്തയുടെ വജ്രായുധങ്ങളായ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും എത്തുന്നത് വരെയേ ചലഞ്ചേഴ്സിന്‍റെ ആഘോഷത്തിന് ആയുസുണ്ടായിരുന്നുള്ളൂ. കോലിയുടെ വിക്കറ്റുകള്‍ കടപുഴക്കി നരെയ്നാണ് ആദ്യ തിരിച്ചടി നല്‍കി. 18 പന്തില്‍ 21 റണ്‍സാണ് കോലി എടുത്തിരുന്നത്. 

പിന്നാലെ ഡുപ്ലസിയെയും മാക്സ്‍വെല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും തിരികെ അയച്ച വരുണ്‍ കളം പിടിച്ചു. ഇതില്‍ 12 പന്തില്‍ 23 റണ്‍സെടുത്ത ഡുപ്ലസിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. പിടിച്ചുനില്‍ക്കുമെന്ന് തോന്നിപ്പിച്ച ബ്രേസ്‍വെല്ലിന്‍റെയായിരുന്നു അടുത്ത ഊഴം. ഇന്ന് തൊട്ടതെല്ലാം പൊന്നാക്കിയ ഷര്‍ദുലിന് വിക്കറ്റ് നല്‍കി ബ്രേസ്‍വെല്ലും മടങ്ങി. 

അനുജ് റാവത്തിനെ മടക്കി സുയാഷ് ശര്‍മ്മ തന്‍റെ കന്നി ഐപിഎല്‍ വിക്കറ്റ് പേരിലാക്കിയത് ആരാധകര്‍ ആഘോഷമാക്കി. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും സുയാഷ് തന്നെ വീഴ്ത്തിയതോടെ ആര്‍സിബിയുടെ പതനം പൂർത്തിയായി. കരണ്‍ ശര്‍മയെ കൂടെ പുറത്താക്കി സുയാഷ് ഈഡന്‍റെ പ്രിയപ്പെട്ടവനായതോടെ അതിവേഗം ആര്‍സിബിയുടെ കഥയും കഴിഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker