അനുകമ്പ കാണിക്കണം, അവരെ ശിക്ഷിക്കരുത്; മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സി.പി.എം
കോട്ടയം: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. ഫ്‌ളാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അത് അനുസരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കരുത്.
വിഷയത്തിലെ നിയമലംഘനം കണ്ടാണ് സുപ്രീംകോടതി ഇടപെടലുണ്ടായത്. നിയമലംഘനം നടത്തി നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേയും ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങള്‍ തെരുവിലാകുന്ന പ്രശ്‌നത്തെ മാനുഷികമായി സമീപിക്കണം. അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി പ്രായോഗികമല്ല. വിഷയത്തില്‍ സര്‍ക്കാരിന് പരിമിധിയുണ്ടെന്നും അടുത്തു തന്നെ ഫ്‌ളാറ്റ് സന്ദര്‍ശിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.