KeralaNews

പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങൾ, നിരീക്ഷണ വലയിലേക്ക് കൊച്ചി, രണ്ട് ലക്ഷം ക്യാമറകൾ സ്ഥാപിയ്ക്കും

കൊച്ചി : പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പൊലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ള നഗരത്തിൽ സ്ഥാപിക്കാൻ തയ്യാറാക്കുന്നത്.

കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം, കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കോടികളുടെ സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളും കൂടിവരികയാണെന്ന് പൊലീസ് നൽകുന്ന വിവരം. നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്. ഫ്ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകളാണ് കൊച്ചി നഗരത്തിൽ മാത്രം തയ്യാറാക്കുക. 

ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമായി താൽക്കാലിക താമസം തേടുന്നുണ്ട്. സ്വന്തം ഫ്ലാറ്റിൽ മുറി ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങൾ പോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്. പല ഫ്ലാറ്റ് ഉടമകളും വാടകയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നില്ല. കാക്കനാട് യുവാവിനെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ഓക്സോണിയ ഫ്ലാറ്റിൽ നിരീക്ഷണ ക്യാമറ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷൻ, അടക്കമുള്ളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പരിശോധനകളും നടപടികളും പൊലീസ് കർശനമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ നടപടികൾ ക൪ശനമാക്കുകയാണ് സിറ്റി പൊലീസ് കമ്മീഷണ൪ അറിയിച്ചു. പൊലീസിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റ് അസോസിയേഷനുകൾക്കെതിരെ നടപടി എടുക്കു൦. സിസിടിവി സ്ഥാപിക്കുന്നതിലടക്ക൦ വീഴ്ച വരുത്തിയാൽ ഇവരെ കേസിൽ കൂട്ടുപ്രതികളാക്കു൦. കുറ്റകൃത്യങ്ങൾക്ക് സഹായിച്ചുവെന്ന വകുപ്പിൽ ഉൾപ്പെടുത്തു൦. ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നതിന് മുൻപ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണ൦. ഇതിന്റെ നടപടികൾക്കായുള്ള രേഖകൾ ഓൺലൈനിൽ ലഭ്യമാണെന്നും കമ്മീഷണർ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button