കെവിൻ കൊലക്കേസ് വിധി പറയാൻ 22ലേക്ക് മാറ്റി
കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.
ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. കെവിന്‍റേത് ദുരഭിമാനക്കൊലയാണ്. കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി സാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്‍റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേൽ ജാതി എന്നത് നിലനിൽക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.