തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സര്‍ക്കുലര്‍ പുറത്തിറങ്ങി. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ജോലിയുടെ ഭാഗമായുള്ള രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. രഹസ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷന്‍ ഓഫീസര്‍ക്കും ആയിരിക്കും ഉത്തരവാദിത്വമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. വിവരങ്ങള്‍ എല്ലാം പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുഖേനെ മാത്രമേ കൈമാറാകൂ എന്നാണ് നിര്‍ദ്ദേശം.