തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് രോഗവ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് കണക്കുകള്‍. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുമാണ്. രോഗികളുടെ പ്രതിദിന വര്‍ധനാനിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനടുത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്.
പ്രതിദിനകണക്കില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനു മുകളിലായിരുന്നു പരിശോധന.
അതേസമയം, വരുന്നയാഴ്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണത്തിനുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നത്. അതോടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.