ന്യൂഡല്‍ഹി: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം സ്വാഭാവിക മരണം അല്ല. പത്തോളജി, ഫോറന്‍സിക്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ സൂചനയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സ്ത്രീധന പീഡനം മൂലമുണ്ടായ കൊലപാതകമെന്ന വശം ഹൈക്കോടതി പരിഗണിച്ചില്ല. സരിത എസ് നായരുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊലപ്പെടുത്തുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ബിജു രാധകൃഷ്ണനെതിരെ നിരവധി തെളിവുകളുണ്ട്. ഭാര്യ മരിച്ച ദിവസം തന്നെ ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോയി. രണ്ട് വര്‍ഷത്തോളം ഒളിവില്‍ തുടര്‍ന്നു. മരണത്തെക്കുറിച്ച് ബിജു രാധാകൃഷ്ണന്റെ ഓരോ മൊഴികളിലും വൈരുധ്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി രണ്ട് പേരെയും വെറുതെ വിട്ടത്. ഇരുവരെയും സെഷന്‍സ് കോടതി ശിക്ഷിച്ചെങ്കിലും വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.