EntertainmentNews

വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്; അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ; അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ; നമ്മളെന്തിന് സദാചാര പോലീസാവുന്നു? കെ.എച്ച്.ഡി ഗ്രൂപ്പ്

കൊച്ചി:കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഒരു റീല്‍ വീഡിയോയാണ്. റീല്‍സിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക്ക് റീല്‍ വീഡിയോയാണ് രേണു ചെയ്തത്. ചാന്തുപൊട്ടിലെ ചാന്ത് കുടഞ്ഞൊരു സൂര്യ മാനത്ത് എന്ന ഗാനത്തിനാണ് ഇരുവരും റീല്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങും പരിഹാസവും അപമാനവും നേരിടുന്നത് രേണുവാണ്.

വിധവയായിരുന്നിട്ടും മറ്റൊരാള്‍ക്കൊപ്പം റൊമാന്റിക്ക് വീഡിയോ ചെയ്തുവെന്നതായിരുന്നു ഒരു വിഭാഗം ആളുകള്‍ രേണുവില്‍ കണ്ട കുറ്റം. ഇത്തരം വീഡിയോകളില്‍ അഭിനയിച്ച് രേണു സുധിയുടെ സ്‌നേഹത്തെ വഞ്ചിക്കുന്നുവെന്ന തരത്തില്‍ വരെ കമന്റുകള്‍ വന്നിരുന്നു. സുധിയുടെ കുടുംബത്തിന് അടുത്തിടെ വീട് വെച്ച് നല്‍കിയ കേരള ഹോം ഡിസൈന്‍സ് ഗ്രൂപ്പിനെ ടാഗ് ചെയ്തും രേണുവിനെ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

ഇപ്പോഴിതാ രേണുവിന്റെ റീല്‍ വീഡിയോയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിലും വിവാദങ്ങളിലും പ്രതികരിച്ച് എത്തിയിരിക്കുകയാണ് കേരള ഹോം ഡിസൈന്‍സ് ഗ്രൂപ്പിന്റെ ചുമതലയുള്ളവരില്‍ ഒരാളായ ഫിറോസ്. വീടും സ്ഥലവും കിട്ടിയതുകൊണ്ട് സുധിയുടെ കുടുംബത്തിന്റെ വയര്‍ നിറയില്ലല്ലോയെന്നും അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നുമാണ് പ്രതികരിച്ച് ഫിറോസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

കൊല്ലം സുധി മരിച്ചതിനുശേഷം അവര്‍ക്ക് ഒരു വീട് നല്‍കാന്‍ തയ്യാറായി ഞങ്ങള്‍ കേരള ഹോം ഡിസൈന്‍സ് ഗ്രൂപ്പ് മുന്നില്‍ വന്ന സമയം… അന്ന് ആദ്യ മീറ്റിങ് 24 ചാനലിന്റെ ഓഫീസില്‍ നടക്കുന്നു. ടിനി ടോം, കെഎസ് പ്രസാദേട്ടന്‍ എന്നീ സിനിമ പ്രവര്‍ത്തകരും ശ്രീകണ്ഠന്‍ നായര്‍ പിന്നെ ഞാനും. ഷബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തത്.

അന്ന് അവരുടെ ഭാഗത്ത് നിന്ന്… അതായത് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവര്‍ എന്ന നിലയില്‍ സംസാരിച്ചവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ നിര്‍ദ്ദേശം ഞാന്‍ നിങ്ങളുമായ് ഇപ്പോള്‍ ഷെയര്‍ ചെയ്യാന്‍ കാരണം… സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കില്‍ എന്നെ മെന്‍ഷന്‍ ചെയ്യുന്നു അല്ലങ്കില്‍ ആ ലിങ്ക് എനിക്ക് അയച്ച് തരുന്നുവെന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക് വിരാമം ഇടാനും കൂടെയാണ്.

അന്ന് ആദ്യ മീറ്റിങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനം മരണപെട്ട കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്ക് മാത്രമാണ് ബഹുമാനപ്പെട്ട ബിഷപ്പ് നല്‍കിയ സ്ഥലത്തിനും അവിടെ ഞങ്ങള്‍ നല്‍കിയ വീടിനും അവകാശം ഉള്ളൂവെന്നതാണ്. ആ വീടും സ്ഥലവും 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറാനോ സാധിക്കുകയുമില്ല എന്നതും ആ ആധാരത്തില്‍ വ്യക്തമായ് എഴുതി ചേര്‍ത്തിട്ടുള്ളതാണ്.

പറഞ്ഞ് വന്നത് ഇത്രയാണ്… കൊല്ലം സുധിയുടെ കുടുംബത്തിന് ഞങ്ങള്‍ നല്‍കിയ വീടിന്റെ പരിപൂര്‍ണ്ണ അവകാശികള്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ മാത്രമാണ്. മറ്റാര്‍ക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടില്‍ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നമുക്ക് എല്ലാവര്‍ക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടെന്ന കാര്യവും കൂടി ചേര്‍ക്കുന്നു.

അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ. വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്. അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ. അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിന് സദാചാര പോലീസാവുന്നു എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.

ഫിറോസിന്റെ പ്രതികരണം വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ച് എത്തിയത്. മലയാളികള്‍ക്ക് ഒരു പൊതുബോധമുണ്ട്. എന്തിനെങ്കിലും ആരെങ്കിലും സഹായിച്ചാല്‍ പിന്നെ അവര്‍ പറയുന്ന രീതിയില്‍ ജീവിക്കണമെന്നതാണ് അത്. അതെ ഇവിടെയും നടക്കുന്നുള്ളൂ. സഹായം എന്നത് അര്‍ഹതപെട്ടവരുടെ അവകാശമാണെന്ന് മനസിലാക്കിയാല്‍ തീരുന്ന വിഷയമേ ഉള്ളു എന്നിങ്ങനെയായിരുന്നു രേണുവിനെ പിന്തുണച്ച് ആളുകള്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker