കായംകുളം കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍
കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജുദീന്റെ മകന്‍ ഷമീര്‍ ഖാനെ (25) കാര്‍ കയറ്റിക്കൊന്ന കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. സഹല്‍,അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സേലം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കേസില്‍ ഷിയാസ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരിന്നു.
ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറില്‍ ആണ് കൊലപാതകത്തിന് കാരണമായ സംഘര്‍ഷമുണ്ടായത്. മദ്യം ആവശ്യപ്പെട്ടെത്തിയ ഷമീര്‍ഖാനും സംഘത്തിനും ബാറിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാവില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരും ഷമീര്‍ ഖാനുമായി തര്‍ക്കമുണ്ടായി. ഈ സമയം ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ സംഘവും തര്‍ക്കത്തില്‍ ഇടപെട്ടു. പീന്നീട് ഇരുസംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷം രൂക്ഷമായി. പ്രതികളില്‍ ഒരാള്‍ ഷമീര്‍ ഖാന്റെ മുഖത്ത് ബീയര്‍ കുപ്പി കൊണ്ട് അടിച്ചു. ഇതിനിടെ മറ്റൊരു പ്രതി കാര്‍ മുന്നോട്ട് എടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാര്‍ കയറ്റി ഇറക്കി. ഷമീര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.