മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും. പ്രദേശത്തെ അമ്പതിലേറെ പേരെ ഉരുള്‍പൊട്ടലില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിന്നു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ പെയ്യാന്‍ തുടങ്ങിയത് മുതല്‍ പ്രദേശത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും നിലച്ചിരിന്നു. ഇതിനാല്‍ തന്നെ വന്‍ ദുരന്തം അധികൃതര്‍ അറിയാന്‍ വൈകുകയും ചെയ്തിരുന്നു.
പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്.
പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ദുരന്തം പുറം ലോകം അറിയാന്‍ ഏറെ സമയമെടുത്തത്.