കാശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടിയുമായി കേന്ദ്രം; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 അനുച്ഛേദത്തിനോട് ചേര്‍ത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ കൊണ്ടുവന്നത് 1954-ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ.
ഭരണഘടനയുടെ അനുച്ഛേദം 35A യും റദ്ദാക്കും. ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു. കശ്മീരിനെ രണ്ടായി വിഭജിച്ചു. ജമ്മു & കശമീര്‍, ലഡാക്ക് എന്നിങ്ങനെയാണ് വിഭജനം. രണ്ടും ഇനി കേന്ദ്രഭരണ പ്രദേശങ്ങളായി തുടരും.പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളമുയര്‍ത്തി. കശ്മീര്‍ നടപടികളുടെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.