CrimeHome-bannerKeralaNewsRECENT POSTS

തലയോട്ടി തകര്‍ന്ന നിലയില്‍, വാരിയെല്ല് ഒടിഞ്ഞ് കരളില്‍ തറച്ചു, ശരീരത്തില്‍ 56 ചതവുകള്‍; അശ്വതിക്കേറ്റത് കൊടിയ പീഡനം

കോട്ടയം: കറുകച്ചാലില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിക്കേറ്റത് കൊടിയ മര്‍ദ്ദനം. ക്രൂരമായ മര്‍ദനവും തലയ്ക്കേറ്റ അടിയുമാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്വതിയുടെ ശരീരത്തില്‍ 56 ചതവുകള്‍ ഉണ്ടായിരുന്നു. വിറക് കമ്പു കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും ചതവുകളുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളില്‍ തറച്ച നിലയിലായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അശ്വതിയെ ഭര്‍ത്താവ് മര്‍ദിക്കുന്നതറിഞ്ഞ് വ്യാഴാഴ്ച രാത്രി സംഭവമറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ പോലീസ് ജീപ്പിന്റെ പിന്നിലെ ഗ്ലാസ് തല കൊണ്ട് ഇടിച്ചു പൊട്ടിച്ചു സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുന്നന്താനം മുക്കട കോളനിയില്‍ സുബിന്‍ (27) ആണ് പ്രതി. ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുബിന്‍ ഡോക്ടര്‍മാരെയും അക്രമിക്കുവാനും ശ്രമിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 11.30ന് ആണ് സുബിന്‍ അശ്വതിയെ അക്രമിച്ചത്. അശ്വതിയുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പു കൊണ്ടു തലയില്‍ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികളാണ് കറുകച്ചാല്‍ പോലീസില്‍ വിവരമറിയിച്ചത്.

അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പോലീസ് എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ അശ്വതി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്നലെ രണ്ടരയോടെ ഉതിമൂട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. പതിനേഴാം വയസില്‍ അശ്വതി സുബിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനത്ത് വാടകവീട്ടില്‍ താമസമാക്കി. സുബിന്‍ പലപ്പോഴും അശ്വതിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker