CrimeNationalNewsNews

ദർശന് ജയിലിൽ ടി.വി. അനുവദിച്ചു; ഇന്ത്യൻരീതിയിലുള്ള ശൗചാലയം ഉപയോഗിക്കാൻ ബുദ്ധിമുട്ടെന്നും നടൻ

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന് ജയിലില്‍ ടെലിവിഷന്‍ അനുവദിക്കും. ജയില്‍ അധികൃതര്‍ക്ക് നടന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സെല്ലില്‍ ടി.വി. സ്ഥാപിച്ചുനല്‍കാന്‍ തീരുമാനമായത്. തിങ്കളാഴ്ചയോടെ നടന്റെ സെല്ലിലേക്ക് 32 ഇഞ്ചിന്റെ ടി.വി. നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ടി.വി.ക്ക് പുറമേ സെല്ലില്‍ ഒരു സര്‍ജിക്കല്‍ കസേര അനുവദിക്കണമെന്നും ദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നു. സെല്ലിലെ ഇന്ത്യന്‍രീതിയിലുള്ള ശൗചാലയം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ശൗചാലയത്തില്‍ ഉപയോഗിക്കാനായി സര്‍ജിക്കല്‍ കസേര ആവശ്യപ്പെട്ടത്. ഇതിനുപുറമേ തനിക്ക് അനുവദിച്ചത് പ്രകാരമുള്ള ഫോണ്‍കോളുകള്‍ ചെയ്യാനും നടന്‍ അനുമതി തേടിയിരുന്നു. ജയിലിലെ ചെലവുകള്‍ക്കായി 35,000 രൂപയാണ് ദര്‍ശന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 735 രൂപ ജയില്‍ കാന്റീനില്‍നിന്ന് ചായയും കാപ്പിയും വാങ്ങാനായി നടന്‍ ചെലവിട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ പരപ്പന അഗ്രഹാര ജയിലിലായിരുന്ന ദര്‍ശനെ ഓഗസ്റ്റ് 29-നാണ് ബല്ലാരി ജയിലിലേക്ക് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിലെ പൂന്തോട്ടത്തില്‍ മറ്റുപ്രതികള്‍ക്കൊപ്പം ദര്‍ശന്‍ ചായ കുടിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോകോള്‍ ചെയ്യുന്നതിന്റെയും ദൃശ്യം പുറത്തുവന്നതോടെയാണ് ഇവിടെനിന്ന് മാറ്റിയത്. ജയിലില്‍ ദര്‍ശന് പ്രത്യേക പരിഗണന ലഭിച്ചതില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അതിനിടെ, രേണുകാസ്വാമി കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസിലെ രണ്ടാംപ്രതിയായ ദര്‍ശന്‍ അതിയായ സമ്മര്‍ദത്തിലാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ഇരുവരും ഉള്‍പ്പെടെ ആകെ 17 പ്രതികള്‍ക്കെതിരേയാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശം അയച്ചതാണ് അതിക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അരുംകൊലയുടെ ആസൂത്രണവും ഇത് നടപ്പാക്കിയരീതിയും കേസില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാന്‍ നടത്തിയ നീക്കവുമെല്ലാം കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും നിര്‍ണായകമായ ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതിനിടെ, സസ്യഹാരിയായ രേണുകാസ്വാമിയെ ദര്‍ശനും സംഘം നിര്‍ബന്ധിച്ച് നോണ്‍-വെജ് ബിരിയാണി കഴിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. രേണുകാസ്വാമി ബിരിയാണി തുപ്പിക്കളഞ്ഞപ്പോള്‍ ദര്‍ശന്‍ ക്രൂരമായി ചവിട്ടി പരിക്കേല്‍പ്പിച്ചു. നിരന്തരം മര്‍ദിച്ചതിനെത്തുടര്‍ന്ന് യുവാവിന്റെ ശരീരമാസകലം പരിക്കേറ്റ് ചോരയൊലിക്കുന്നനിലയിലായിരുന്നു. ഇതിനുപുറമേ കെട്ടിയിട്ട് ഷോക്കേല്‍പ്പിച്ചതായും ജനനേന്ദ്രിയം തകര്‍ത്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker