താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് കങ്കണ ; താരത്തിനെതിരെ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ്
പൂനെ: താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് കങ്കണ റണാവത് പറഞ്ഞിട്ടുണ്ടെങ്കില്‍, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് പ്രവീണ്‍ ദാരേക്കര്‍. നിയമം നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും തുല്യമാണെന്നും ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായങ്ങളിലൊന്നിലെ അഭിനേതാക്കള്‍ മയക്കുമരുന്നിന് അടിമയാകുകയാണെങ്കില്‍ നാം മുന്‍കരുതലുകള്‍ എടുക്കേണ്ടതല്ലേയെന്നും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ബുധനാഴ്ച പറഞ്ഞു. താന്‍ നേരത്തെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് കങ്കണ റണാവത് പറഞ്ഞിരുന്നു.
മുംബൈ വിനോദ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെ കുറിച്ച് എന്‍സിബി അന്വേഷിക്കുന്നുണ്ട്. ഇതില്‍ നടി റിയ ചക്രബര്‍ട്ടിയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.
മുംബൈയില്‍ ചോദ്യം ചെയ്യലിനായി ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി വിളിപ്പിച്ചു. മയക്കുമരുന്ന് കേസിനെ കുറിച്ചും സുശാന്തിനെ മരണത്തെകുറിച്ചും ഈ മാസം ആദ്യം ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.