ശബരിമല കയറിയതില്‍ ഒരു കുറ്റബോധവുമില്ല; ഇനിയും കയറുമെന്ന് കനകദുര്‍ഗ
തിരൂര്‍: ശബരിമല കയറിയതില്‍ ഒരു കുറ്റബോധമില്ലെന്നും ഇനിയും ശബരിമലയില്‍ പ്രവേശിക്കുമെന്നു കനകദുര്‍ഗ. ശബരിമല കയറണമെന്ന് തോന്നിയാല്‍ താന്‍ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അവര്‍ പറഞ്ഞു. എസ്സെന്‍സ് ക്ലബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നവോത്ഥാനത്തിന്റെ പെണ്‍പക്ഷം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തിരൂരില്‍ എത്തിയ കനകദുര്‍ഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നെ ആയുധമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കനകദുര്‍ഗ പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കനകദുര്‍ഗ വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ രണ്ടു വനിതകളില്‍ ഒരാളാണ് കനകദുര്‍ഗ.