ചെന്നൈ: കൊവിഡ് 19 രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്ന് വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കമല്‍ഹാസന്റെ ആല്‍വാര്‍പേട്ടയിലെ വീട്ടിന് പുറത്ത് ഹോം ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ചതിനെ തുടര്‍ന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായത്. ക്വാറന്റൈന്‍ സ്റ്റിക്കറിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍ഹാസന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നോട്ടീസ് പതിച്ചിരിക്കുന്നത് മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസ് കെട്ടിടത്തിലണെന്നും നിലവില്‍ താന്‍ മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഏകാന്തവാസത്തിലാണെന്നുമാണ് കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിരിക്കുന്നത്.
‘കമല്‍ ഹാസന്‍ ജനുവരി മുതല്‍ ഇന്ത്യയില്‍ തന്നെയാണ്. വിദേശയാത്രയൊന്നും നടത്തിയിട്ടില്ല. കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിച്ച കെട്ടിടം മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസാണ്. അവിടെ സുരക്ഷാ ജീവനക്കാരുണ്ട്. അവരോട് പോലും ചോദിക്കാതെയാണ് അധികൃതര്‍ രാത്രിയെത്തി ഹോം ക്വാറന്റൈന്‍ നോട്ടീസ് പതിപ്പിച്ചത്’- മക്കള്‍ നീതി മയ്യം വക്താവായ മുരളി അപ്പാസ് പറഞ്ഞു. ഹോം ക്വാറന്റൈന്‍ നോട്ടീസ് പതിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ ഇത് നീക്കം ചെയ്തു. അബദ്ധത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണെന്നാണ് മക്കള്‍ നീതി മയ്യം നേതാകളുടെ ആരോപണം.
അതേസമയം, കമല്‍ഹാസന്റെ മുന്‍ പങ്കാളി ഗൗതമി ദുബായില്‍ നിന്ന് അടുത്തിടെയാണ് മടങ്ങിയെത്തിയതാണ്. അവരുടെ പാസ്പോര്‍ട്ടിലെ വിലാസത്തിലുള്ള വീടാണത്. അതുകൊണ്ടാണ് അവിടെ ഞങ്ങളുടെ സ്റ്റാഫ് നോട്ടീസ് പതിപ്പിച്ചത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍ ജി പ്രകാശിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.