കലൂരിലെ വെള്ളക്കെട്ട്: ജില്ലാ കളക്ടര്‍ കൊച്ചിമെട്രോയോട് റിപ്പോര്‍ട്ട് തേടി
കൊച്ചി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വെള്ളം കയറി കലൂര്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്താനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍
സബ് സ്റ്റേഷന്‍ പരിസരത്തെ കനാലുകളില്‍ വെള്ളമൊഴുക്ക് തടസപ്പെട്ടതാണ് ഈ മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറാന്‍ ഇടയാക്കിയത്. സബ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരികയും ചെയ്തു.ഈ സാഹചര്യത്തില്‍ നിലവിലുള്ള ഡ്രയിനേജ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
കെ.എം.ആര്‍.എല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.