വീണ്ടും കല്ലടയുടെ കണ്ണില്ലാത്ത ക്രൂരത; യാത്രക്കിടെ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി, മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്ലാസ്റ്റിക് കുപ്പി നല്‍കി
ബംഗളൂരു: കല്ലട ബസിനെതിരെര ഒന്നിന് പുറകെ മറ്റൊന്നായി പരാതികളുടെ പ്രളയം. യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. അതിന് പിന്നാലെയാണ് ഇന്നലെ ബസിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം. ഇപ്പോഴിതാ ബസില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശി മോഹനന്‍ പിലാക്കയ്ക്കല്‍ എന്നയാള്‍.
ഞായറാഴ്ച പയ്യന്നൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോകവെയാണ് സംഭവമുണ്ടായത്. അമിതവേഗതയില്‍ ഹമ്പികയറിയതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ പലരും തെറിച്ചു വീണു. മോഹനന്‍ വീണ് തുടയെല്ലുപൊട്ടി. വേദനയെടുത്ത് നിലവിളിച്ച തന്നെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ലെന്ന് മോഹനന്‍ പറയുന്നു. പിന്നീട് വേദന മാറാന്‍ സ്പ്രേ അടിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്.
മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് അവസാന സ്റ്റോപ്പില്‍ മകനെത്തിയാണ് മോഹനനെ ആശുപത്രിയിലെത്തിച്ചത്.