കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി അന്ന് പറഞ്ഞിരുന്നു. 2019 ജൂണ്‍ അഞ്ചിനാണ് സോബി ഇതു സംബന്ധിച്ച് ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയത്.
അതേസമയം ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉടന്‍ ഉത്തരവ് പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് തയാറാവുന്നത്. അന്വേഷണം സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
2018 സെപ്റ്റംബര്‍ 25നാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് നടന്ന അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവറും ഭാര്യ ലക്ഷ്മിയും പരുക്കുകളോടെ രക്ഷപ്പെട്ടു.