കൊച്ചി: ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
കെ വി തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. നിലപാട് വ്യക്തമാക്കാൻ ഇന്ന് അദ്ദേഹം വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാർത്താ സമ്മേളനം റദ്ദാക്കി. പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
സോണിയാ ഗാന്ധി നേരിട്ട് വിളിച്ചെന്നാണ് കെ വി തോമസ് ഇന്നലെ രാത്രി മാധ്യമങ്ങളെ അറിയിച്ചത്.ഇന്നത്തെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി പറഞ്ഞാൽ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പലതിലും പാർട്ടിയിൽ നിന്ന് തനിക്ക് വേദനയുണ്ടായി. ചില വിഷമങ്ങൾ ഉണ്ട്. പാർട്ടിയിൽ നിന്നും ചിലർ ആക്ഷേപിച്ചത് വേദന ഉണ്ടാക്കി. സ്ഥാനമാനങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ നാളത്തെ ചർച്ചക്ക് ശേഷം പറയാം. സോണിയ ഗാന്ധി പറയുന്ന കാര്യം അനുസരിക്കും. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ഗാന്ധി നിർദ്ദേശിച്ചെന്നും കെ വി തോമസ് പറഞ്ഞു..