കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ നേതാവാണ് സുരേന്ദ്രന്‍.
പി.എസ്.ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് ശേഷം ദീര്‍ഘകാലമായി ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്തെ ഗ്രൂപ്പ് പോരും അധ്യക്ഷനെ നിയമിക്കുന്നത് വൈകിച്ചു. ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ്, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളൊക്കെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നു വന്നെങ്കിലും കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുടെ ശക്തമായ പിന്തുണ സുരേന്ദ്രന് തുണയാവുകയായിരുന്നു.