33.9 C
Kottayam
Sunday, April 28, 2024

കെ. ആര്‍ മീരയുടെ നിയമനം, വിശദീകരണവുമായി എംജി വിസി

Must read

കോട്ടയം,എഴുത്തുകാരി കെ ആര്‍ മീരയെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബു തോമസ് രംഗത്ത്.ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചട്ടങ്ങള്‍ പാലിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ് കെ ആര്‍ മീരയെ നിയമിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കെ ആര്‍ മീര രാഷ്ട്രീയ നോമിനിയാണെന്നും നിയമനത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടുവെന്നതടക്കമുള്ള ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും വിസി പറഞ്ഞു.

നിയമനം വിവാദമായതോടെ കെ ആര്‍ മീര രാജിവെച്ചിരുന്നു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് മഹാത്മാഗാന്ധി സര്‍വകലാശാല നിയമം 1985 ലെ അനുഛേദം 28(1എ) പ്രകാരമാണ്. ചട്ട പ്രകാരമുള്ള യോഗ്യത അനുസരിച്ച് ഗവര്‍ണറാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത്. അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിന് ചാന്‍സിലര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് മലയാള സാഹിത്യത്തിലെ പ്രമുഖ സാഹിത്യകാരിയായ കെ ആര്‍ മീരയെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് നിയോഗിക്കുന്നതിന് സര്‍വകലാശാല നിര്‍ദേശിച്ചതും ചാന്‍സിലര്‍ നോമിനേറ്റ് ചെയ്തതും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് , വയലാര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായതും മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ അക്കാദമിക മികവിന് കരുത്തേകാന്‍ സാന്നിധ്യം പ്രയോജനപ്പെടുമെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെആര്‍ മീരയുടെ പേര് ചാന്‍സിലറുടെ പരിഗണനയ്ക്ക് സര്‍വകലാശാല സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലറാണ് നോമിനേറ്റ് ചെയ്തത്.

പുനഃസംഘടനയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകാറില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല. സാഹിത്യരംഗത്തെ പ്രമുഖര്‍ വിവിധ കാലഘട്ടങ്ങളില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായിരുന്നിട്ടുണ്ട്. സര്‍വകലാശാല നിയമവും സ്റ്റാറ്റിയൂട്ടും അനുസരിച്ച് നിയമപരമായി, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡിലേക്ക് കെ ആര്‍ മീര നോമിനേറ്റ് ചെയ്യപ്പെട്ടത്. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകരെക്കൂടാതെ എക്സ്റ്റേണല്‍ എക്സ്പെര്‍ട്ട് എന്ന നിലയില്‍ ഡോ. പി പി രവീന്ദ്രന്‍, ഡോ. ഉമര്‍ തറമേല്‍, സി ഗോപന്‍ എന്നിവരും അംഗങ്ങളായിരുന്നെന്നും വിസി വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week