കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി വിശേഷിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജ്(മൂന്ന്)ആണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്.
ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും എറാണാകുളം ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുഞ്ഞിനെ എത്തിച്ചുവെങ്കിലും മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ശിശുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാലാണ് കുട്ടിക്ക് ചികിത്സ നല്‍കാതിരുന്നതെന്നാണ് ആലുവ താലൂക്ക് ആശുപത്രി സൂപ്രണ്ട് സംഭവത്തില്‍ നല്‍കിയ മറുപടി.