EntertainmentKeralaNews

ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്…അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേട്; ഗണേഷ് കുമാര്‍

കൊച്ചി:നടി കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ല. പ്രതിഷേധങ്ങൾ സംസ്കാര ശൂന്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണ്’- ഗണേഷ് പറഞ്ഞു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കലാകാരി എന്ന നിലയ്ക്കാണ് ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക് കരള്‍ നല്‍കാന്‍ തയാറായി കലാഭവന്‍ സോബി ജോര്‍ജ് രംഗത്തെത്തിയിരുന്നു.കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ടാണ് തീരുമാനമെന്നും സോബി. ദാതാവ് ഒ. പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്. മദ്യപിക്കുന്നവരും ആകരുത്. മറ്റ് രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവെന്നും നിബന്ധനയുണ്ട്.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്ന് സോബി പറഞ്ഞു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. ശ്രീക്കുട്ടിയുടെ കുറിപ്പ് കണ്ടിട്ട് അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന് കോവിഡ് ആരംഭത്തിന് മുമ്പ് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട് പറഞ്ഞിരുന്നു.

അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker