സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്; ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്; ജ്യോതി കൃഷ്ണ
സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വിധത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി ജ്യോതി കൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജ വാര്‍ത്തയ്ക്ക് എതിരെ തുറന്നടിച്ചത്. അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നില്‍ നടി എത്തിക്കുന്നുമുണ്ട്. വ്യാജ പ്രചരണത്തിനെതിരെ ദുബായ് പോലീസിനും കേരള പോലീസിനും പരാതി നല്‍കിയതായും നടി പറയുന്നു.
ജ്യോതികൃഷ്ണയുടെ വാക്കുകള്‍
രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിംഗ് റൂമിലുണ്ട്. എന്റെ ചേട്ടാ,കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി,നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം.
സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്ത വാര്‍ത്തകളാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.