‘കിറ്റിനും കിറ്റക്സിനും ഇടയിലോടുന്ന ആധുനിക ജനാധിപത്യം’; ട്വന്റി 20യെ അനുകൂലിച്ച് ജോയ് മാത്യു
കൊച്ചി: കേരളത്തിലെ മുന്നണികളെ അമ്പരപ്പിച്ചുകൊണ്ടാണ് ട്വന്റി 20 കൂട്ടായ്മ കിഴക്കമ്പലത്തിനു പുറത്തും മിന്നുന്ന വിജയം കൈവരിച്ചത്. കോര്‍പ്പറേറ്റ് കമ്പനി നിയന്ത്രിക്കുന്ന കൂട്ടായ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കൂട്ടായ്മയെ അനുകലിച്ച് രംഗത്തുവന്നിരിക്കുകയാണ് നടനു സംവിധായകനുമായ ജോയ് മാത്യു.
‘കിറ്റിനും കിറ്റക്സിനും ഇടയിലോടുന്ന ആധുനിക ജനാധിപത്യം’ എന്ന തലക്കെട്ടിലാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിക്കുന്നത്. രാഷ്ട്രീയ ജീര്‍ണ്ണതക്കേറ്റ പ്രഹരമാണ് കിഴക്കമ്പലം മാതൃക എന്നും കാലഹരണപ്പെട്ട രാഷ്ട്രീയ വിശ്വാസസംഹിതകളെ തൊഴിച്ചുമാറ്റി ആധുനിക മാനേജ്‌മെന്റ് സാധ്യതകള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് കിഴക്കമ്പലം നമുക്ക് കാണിച്ചുതരുന്ന മാതൃകയെന്നുമാണ് ജോയ് മാത്യു പറയുന്നത്. വ്യപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും നിര്‍ദാക്ഷിണ്യം സംഭാവന സ്വീകരിച്ചു മുന്നേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്വന്റി ട്വന്റി പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ എന്താണവകാശം എന്നും താരം ചോദിക്കുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കിറ്റിനും കിറ്റെക്സിനും ഇടയിലൂടെയോടുന്ന ആധുനിക ജനാധിപത്യം
—————————-
രാഷ്ട്രീയ ജീർണ്ണതക്കേറ്റ പ്രഹരമാണ് കിഴക്കമ്പലം മാതൃക എന്ന കാര്യത്തിൽ രാഷ്ട്രീയക്കാർക്ക് പോലുമില്ല രണ്ടുപക്ഷം .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യാഥാർത്‌ഥത്തിൽ വിജയിച്ചത് കിഴക്കമ്പലം മോഡൽ ട്വൻറി ട്വന്റി ആണെന്ന് ഞാൻ പറയും.കാലഹരണപ്പെട്ട രാഷ്ട്രീയ വിശ്വാസസംഹിതകളെ തൊഴിച്ചുമാറ്റി ആധുനിക മാനേജ്‌മെന്റ് സാധ്യതകൾ ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞതാണ് കിഴക്കമ്പലം നമുക്ക് കാണിച്ചുതരുന്ന മാതൃക .രാഷ്ട്രീയ ധാർമ്മികത തെല്ലുമില്ലാതെ ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ വിജയം കൊയ്തു എന്ന് മേനിനടിക്കുന്ന മുന്നണികൾ,
തങ്ങളുടെ വിജയികളായ പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്ക് ഒരു രണ്ടുമാസത്തേക്കെങ്കിലും അയക്കേണ്ടതാണ്.മുപ്പത്തിയഞ്ചു ലക്ഷം രൂപ കടത്തിൽ ഓടിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കുന്ന മാനേജ്‌മെന്റ് രീതികളാണ് നമ്മുടെ ഇതര പഞ്ചായത്തുകൾ കണ്ടുപഠിക്കേണ്ടത്.ദുർവ്യയം ,പൊതുമുതൽ കയ്യിട്ടുവാരൽ ഇജ്‌ജാതി വിപ്ലവങ്ങൾ ജീവിത വ്രതവുമാക്കിയ നമ്മുടെ രാഷ്ട്രീയക്കാർക്ക് കിഴക്കമ്പലം ശരിക്കും ഒരു ബാലികേറാമലയായിരിക്കും
മുഷ്യന് അവന്റെ വളരെ പരിമിതമായ ജീവിതകാലത്തിനുള്ളിൽ ലഭിക്കേണ്ടതായ ജീവിത സൗകര്യങ്ങളും സ്വസ്ഥതയും ഒരു പഞ്ചായത്തിന് നല്കാനാകുന്നുണ്ടെങ്കിൽ അതിലപ്പുറം മനുഷ്യന് എന്താണ് വേണ്ടത് !
തരിശായിക്കിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ നെല്ലുവിളയിച്ചും പഴം -പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയും മുന്നേറുന്ന കിഴക്കമ്പലം ഇപ്പോൾ അയല്പക്കത്തെ മൂന്നു പഞ്ചായത്തുകളിൽക്കൂടി ഈ തെരഞ്ഞെടുപ്പിൽ വിജയപതാക നാട്ടിയിരിക്കുന്നു .
ഇനി പറയൂ ശരിക്കും ജയിച്ചത് ആരാണ് ?
രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ , ജനങ്ങൾക്ക് അർഹതപ്പെട്ട കിറ്റ് അവർക്ക് സജന്യമായി
കൊടുക്കുന്നതിൽ തെറ്റില്ലെങ്കിൽ കിറ്റെക്സിന് അർഹതപ്പെട്ടത് ജനങ്ങൾ തിരിച്ചുകൊടുക്കുന്നത് ശരിയല്ലെന്ന് എങ്ങിനെപറയും?
വ്യപാരികളിൽ നിന്നും വ്യവസായികളിൽ നിന്നും നിർദാക്ഷിണ്യം സംഭാവന സ്വീകരിച്ചു “മുന്നേറുന്ന “രാഷ്ട്രീയ പാർട്ടികൾക്ക് ട്വന്റി ട്വന്റി പ്രസ്ഥാനത്തെ വിമർശിക്കാൻ എന്താണാവകാശം എന്ന് സൈദ്ധാന്തിക ബാധ്യകളില്ലാത്ത ഏതൊരു സാധാരണക്കാരനും ചോദിച്ചു പോകില്ലേ ?!