പിണറായി വിജയന്‍ എന്ത് പറയുന്നു എന്നുള്ളത് വിഷയമല്ല, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം; ജോയ് മാത്യു
ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ പ്രശംസിച്ച് രംഗത്ത് എത്തിയ ജോയ് മാത്യു ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പാലം ഉദ്ഘാടനം ചെയ്തതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. പാലത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി അങ്ങനെ പലതും പറയും, അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ..അദ്ദേഹം അങ്ങനെ പലതും പറയും. പിണറായി വിജയന്‍ എന്ത് പറയുന്നു എന്നുള്ളത് എന്നെ സംബധിച്ചിടത്തോളം ഒരു വിഷയമല്ല. ഞാന്‍ പറയുന്നത് പിണറായി വിജയന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം.
വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തത്. ഉദ്ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യുഡല്‍ ആചാരങ്ങള്‍ ആണ്. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല അതിനാല്‍ അത്തരം പാര്‍ട്ടി സംവിധാനങ്ങളോടും എനിയ്ക്കു യോജിപ്പില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.