കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം
കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. സിഐടിയു പ്രവര്‍ത്തകരാണ് കൈയ്യേറ്റ ശ്രമം നടത്തിയത്. മനോരമ ന്യൂസിന്റെ ക്യാമറ അടിച്ചു പൊട്ടിക്കാനും ശ്രമം നടന്നു. സംസ്ഥാനത്ത് ഇന്നലെ മുത്തൂറ്റ് ഫിനാന്‍സിന്റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിഐടിയു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാരുടെ ആരോപണം.
കൊച്ചി കടവന്ത്ര മെട്രോ സ്റ്റേഷന് മുന്നില്‍ സഹപ്രവര്‍ത്തകരെ കാത്ത് നില്‍ക്കുകയായിരുന്ന റീജിയണല്‍ മാനേജര്‍ വിനോദ് കുമാറിനും വനിതാ ജീവനക്കാരിക്കും ഇന്നലെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇരുമ്പുവടികൊണ്ടായിരുന്നു ആക്രമണം. കോട്ടയം മെയിന്‍ ബ്രാഞ്ചില്‍ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികള്‍ കയ്യേറ്റം ചെയ്‌തെന്നായിരുന്നു മറ്റൊരു പരാതി. ഇടുക്കി കട്ടപ്പനയില്‍ ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീന്‍ വെള്ളം ഒഴിച്ചു. എന്നാല്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിഐടിയുവിന്റെ വാദം.