കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി ജോസഫ് ഗ്രൂപ്പ് നേതാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കി. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ജോസ്.കെ മാണി വിഭാഗം ജോസ് ടോം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഈ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയോ ചിഹ്നം അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനവുമായി ജോസ്.കെ.മാണി വിഭാഗം മുന്നോട്ട് പോകുന്നതിനിടെയാണ് ജോസഫിന്റെ ഭാഗത്തു നിന്നും വിമത നീക്കം ഉണ്ടായിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പമെത്തി. സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് പത്രിക നല്‍കുന്നതെന്ന് ജോസഫ് വിഭാഗം പറയുന്നു. ജോസ് ടോമിന്റെ പത്രിക സ്വീകരിച്ചാല്‍ പിന്മാറുമെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു.