വോട്ടെണ്ണുന്നതിന് മുമ്പ് എം.എല്‍.എയാക്കി ഫ്‌ളക്‌സ്; വിജയം ആഘോഷിക്കാന്‍ ലഡുവും പടക്കവും; അവസാനം പവനായി ശവമായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഞെട്ടലിന്‍ നിന്ന് മോചിതരാകാതെ യു.ഡി.എഫ് നേതാക്കള്‍. മണ്ഡലം രൂപീകരിച്ച ശേഷം തങ്ങളുടെ കുത്തകയായിരിന്ന മണ്ഡലമാണ് ഇത്തവണ മാണി സി കാപ്പനിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നിലനിന്നിരുന്നെങ്കിലും ജോസ് ടോം വിജയിക്കുമെന്ന് തന്നെയായിരിന്നു നേതാക്കളുടേയും അണികളുടേയും പ്രതീക്ഷ. ഈ ഉറപ്പിന്‍മേലാണ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്ളക്സുകളും വിതരണത്തിനായി ലഡുവും ഏല്‍പ്പിച്ചത്.
ജോസ് ടോമിനെ നിയുക്ത എം.എല്‍.എയായി അവരോധിച്ചുകൊണ്ട് വെള്ളാപ്പാടില്‍ ഫള്കസും ഉയര്‍ത്തിയിരുന്നു. ‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി’ എന്ന വാചകത്തോടെയാണ് ഫ്ളകസ്. മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്ളക്സിലുണ്ട്. കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ക്യാംപിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തില്‍ ജോസ് ടോമിനെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്‍ പ്രതികരിച്ചത്.