കൂടത്തായി കൊലപാതക പരമ്പര; ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയും തോറും പോലീസിനെ വരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മുഖ്യപ്രതി ജോളി നടത്തിക്കൊണ്ടിരിക്കുന്നത്. ജോളിയുടെ പുതിയ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്‍ റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി.
അതേസമയം ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ കൊല്ലാന്‍ താന്‍ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും മൂന്നാമത്തെ പ്രാവശ്യം രണ്ട് തവണയാണ് അവര്‍ക്ക് സയനൈഡ് കൊടുത്തതെന്നും ജോളി പോലീസിനോട് വെളിപ്പെടുത്തി. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയതെന്നും ജോളി സമ്മതിച്ചു.
അതേസമയം കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്പി സൈമണ്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. പൊന്നാമറ്റം വീട്ടിലെത്തി ഇന്നും തെളിവെടുപ്പ് നടന്നേക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. അതേസമയം കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പറഞ്ഞ് ഈ ശ്രമം നടത്താന്‍ ജോളി ശ്രമിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി.