കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ പിതാവും സഹോദരങ്ങളും. സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താന്‍ കൊലപ്പെടുത്തിയ സംഭവം ജോളി ആദ്യമായി പറയുന്നതെന്ന് പിതാവ് അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തി. കൊലപാതകങ്ങളെ കുറിച്ച് ജോളി പറഞ്ഞതോടെ താന്‍ ഞെട്ടിയതായും മോളുടെ ഭാവിയോര്‍ത്ത് ഇത് പുറത്തുപറഞ്ഞില്ലെന്നും പിതാവ് ജോസഫ് ഇന്നലെ ഡിവൈഎസ്പി ആര്‍.ഹരിദാസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.
വെളിപ്പെടുത്തല്‍ നടത്തി ദിവസങ്ങള്‍ക്കകം തന്നെ കേസില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു. ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസില്‍ വളരെ നിര്‍ണായകമായേക്കാവുന്ന മൊഴിയാണ് ജോളിയുടെ ബന്ധുക്കളില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം ബന്ധുക്കള്‍ തന്നെ ജോളിയുടെ കുറ്റകൃത്യത്തെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലീസിന് ഏറെ സഹായകമായിരിക്കുകയാണ്.
അതേസമയം കൊലപാതക പരമ്പരയില്‍ ജോളിയുടെ പിതാവിനോ, മറ്റ് ബന്ധുക്കള്‍ക്കോ നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ നടത്തിയ കുറ്റസമ്മതം മൂടിവയ്ക്കാന്‍ മാത്രമേ ഇവര്‍ ശ്രമിച്ചിട്ടുള്ളൂ. ഇതോടൊപ്പം കുട്ടിക്കാലം മുതല്‍ തന്നെയുള്ള ജോളിയുടെ സ്വഭാവത്തെ കുറിച്ചും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. പഠിക്കുന്ന കാലത്ത് തന്നെ സഹാപാഠികളുടെ പണം ഉള്‍പ്പെടെ മോഷ്ടിക്കുന്ന പതിവ് ഉണ്ടായിരുന്നു.
പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സഹപാഠിയുടെ സ്വര്‍ണം ജോളി മോഷ്ടിച്ചതിന് സ്‌കൂളിലേക്ക് വിളിപ്പിച്ച സംഭവവും ഇവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പണക്കാരെ പോലെ ജീവിക്കാനുള്ളഅമിതമായ ആഗ്രഹമായിരുന്നു ജോളിയെ നയിച്ചിരുന്നതെന്നും സഹോദരന്‍ വ്യക്തമാക്കി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധികം കാശൊന്നും വീട്ടില്‍ നിന്നും നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ എളുപ്പം പണമുണ്ടാക്കാനുള്ള വഴികളായിരുന്നു ജോളി ചിന്തിച്ചിരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.