കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിയെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ഓരോ ദിവസം ചെല്ലുംതോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മരണങ്ങള്‍ കാണുന്നത് ലഹരിയാണെന്ന് കേസിലെ പ്രതി ജോളി മൊഴി നല്‍കി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ കാണാനായി ആശുപത്രിയില്‍ കൊണ്ടു പോകുന്നത് മനപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇനി ഒരു മരണവും കാണേണ്ടെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം കീടനാശിനി നല്‍കിയായിരുന്നു അന്നമ്മയെ ജോളി കൊലപ്പെടുത്തിയത്. മരിക്കുന്നതിന് തലേദിവസം രാത്രിയിലാണ് അന്നമ്മയ്ക്ക് കീടനാശിനി നല്‍കിയത്. പിറ്റേന്ന് ഉച്ചയോടെ അന്നമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. കീടനാശിനി ഉപയോഗിച്ചാല്‍ മരണത്തിന് കാലതാമസം നേരിടുന്നതിനാല്‍ പിന്നീടുള്ള മറ്റ് കൊലപാതകങ്ങള്‍ക്ക് കീടനാശിനി ഒഴിവാക്കി സയനൈഡ് നല്‍കാന്‍ ജോളി തീരുമാനിച്ചത്. 2006ലാണ് ജോളിക് സയനൈഡ് ലഭിക്കുന്നത്.
രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെന്ന് ജോളി പറഞ്ഞിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇതെന്നും ജോളി പറഞ്ഞതായാണ് വിവരം. ഇതിനായി ജോണ്‍സന്റെ ഭാര്യയെയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോണ്‍സനെ കൂടാതെ കോഴിക്കോടുള്ള ഒരു അഭിഭാഷകനുമായും ജോളിക്ക് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പവും ജോളി തമിഴ്നാട്ടിലേക്ക് പോയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.