ക്ഷീണിതയായി കൂടത്തായി കൊലക്കേസ് പ്രതി ജോളി; തെളിവെടുപ്പിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി തെളിവെടുപ്പിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആറു ദിവസത്തെ കസ്റ്റഡികാലാവധി അവസാനിച്ചതോടെ ജോളിയെ ഇന്നലെ താമരശേരി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. ഒരു ദിവസത്തേയ്ക്ക് കൂടി അനുവദിച്ച കസ്റ്റഡി കാലാവധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ അവസാനിച്ചു.
17 വര്‍ഷത്തെ പഴക്കമുള്ള കേസായതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണ്ടതുള്ളതിനാലും ജോളിയെ അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പ്രോസിക്യൂഷന് വേണ്ടി എപിപി സുജയ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കട്ടപ്പനയിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
ജോളി ചോദ്യം ചെയ്യലിനോട് ശരിയായി സഹകരിക്കാത്തതിനാലും തെളിവെടുപ്പിനിടൈ ക്ഷീണിതയായ പ്രതിക്ക് ആവശ്യമായ വിശ്രമം അനുവദിച്ചതിനാലുമാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് എപിപി വാദിച്ചു. ഇരു വാദവും കേട്ടശേഷം കോടതി ഒരു ദിവസം ജോളിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഡിസംബര്‍ അഞ്ചുവരെയാണ് ജോളിയുടെ റിമാന്‍ഡ് കാലാവധി.