ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി പരീക്ഷ നടത്താനൊരുങ്ങി ജെഎന്‍യു ഭരണകൂടം. ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എംഫില്‍, പിജി പരീക്ഷകളാണു വിചിത്ര രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ വാട്‌സ്ആപ്പിലും ഇ-മെയിലിലുമായി ചോദ്യപേപ്പര്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്കു സ്വന്തം കൈപ്പടയില്‍ എഴുതിയ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്‌തോ ചിത്രമെടുത്തോ വാട്‌സ്ആപ്, ഇ-മെയില്‍ എന്നിവ വഴി അധ്യാപകരെ ഏല്‍പിക്കാം. നേരിട്ടും ഉത്തരപേപ്പര്‍ സമര്‍പ്പിക്കാവുന്നതാണ്.
സെമസ്റ്റര്‍ പരീക്ഷ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അയച്ചുതരുന്ന ചോദ്യങ്ങള്‍ക്ക് ഇ-മെയിലിലോ വാട്‌സ്ആപ്പിലോ ഉത്തരം നല്‍കിയാല്‍ മതിയെന്നും ഡീന്‍ പ്രഫ. അശ്വിനി കെ. മൊഹാപത്ര അറിയിച്ചു. വിദ്യാര്‍ഥിസമരത്തെത്തുടര്‍ന്നു പരീക്ഷകള്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബദല്‍ രീതി.
അതേസമയം, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു ഭരണകൂടത്തിനു കൃത്യമായ മറുപടിയില്ല. പുതിയ പരീക്ഷാരീതിക്കെതിരേ ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. നിലവിലെ പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റംവരുത്താന്‍ ഡീനുകള്‍ക്ക് അധികാരമില്ലെന്നു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി.കെ. ലോബിയാല്‍, സെക്രട്ടറി സുരജിത് മജുംദാര്‍ എന്നിവര്‍ പറഞ്ഞു.