ജിഷ്ണു പ്രണോയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രത്തില്‍ ഹനാനും
കേരളക്കരയാകെ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം. മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ജിഷ്ണുവിന്റെ ജീവിതം തിരശീലയിലേയ്ക്ക് എത്തുകയാണ്. നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേര്‍ന്ന് ഗ്രാന്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മലയാള ചലച്ചിത്രം ‘വൈറല്‍ 2019’ ന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നാദാപുരം വളയത്തെ ജിഷ്ണു പ്രണോയി നഗറില്‍ നടന്നു.
ജിഷ്ണു പ്രണോയി അന്ത്യവിശ്രമം കൊണ്ട മണ്ണില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ നടത്തിയത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അമ്മ മഹിജയും സഹോദരി അവിഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയത്. ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് ലിബര്‍ട്ടി ബഷീറും നിര്‍വഹിച്ചു. ചിത്രത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ഹനാനും വേഷമിടുന്നുണ്ട്.
സിനിമാ സംഗീത സംവിധായാകാന്‍ ആലപ്പി രംഗനാഥന്‍, സെന്തില്‍, കെകെ ശ്രീജിത് നടിമാരായ പൊന്നമ്മ ബാബു, സേതുലക്ഷ്മി, നവാഗത സംവിധായകരായ എട്ടുപേരും ചേര്‍ന്ന് തിരികൊളുത്തി. വൈറല്‍ 2019 ന്റെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമുള്‍പ്പടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടികള്‍. ഈ മാസം അവസാനത്തോടെ പാലക്കാടും കോയമ്പത്തൂരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തും.