EntertainmentKeralaNews

മിമിക്രി താരം മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്‍ത്രക്രിയ, പ്രാർത്ഥനയോടെ ആരാധകർ

കൊച്ചി:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള മിമിക്രി താരം മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്‍ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയില്‍ ആണ് മഹേഷ് കുഞ്ഞുമോൻ ചികിത്സയിലുള്ളത്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന്  ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് മഹേഷിനും പരുക്കേറ്റത്.

തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

‘വിക്രം’ എന്ന ഹിറ്റ് തമിഴ് സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് വ്യത്യസ്‍ത കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കി മഹേഷ് കുഞ്ഞുമോൻ പ്രേക്ഷകരെ വിസ്‍മയിച്ചിരുന്നു. അന്തരിച്ച നടൻ അനില്‍ നെടുമങ്ങാടിനും മഹേഷ് ഡബ്ബ് ചെയ്‍തിരുന്നു. 

എറണാകുളത്ത് പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷ് കുഞ്ഞുമോന്റെ ജന്മദേശം. മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കണമെന്ന് താരത്തിന്റെ സുഹൃത്തുക്കള്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker